സന്ദർശക വിസ

സന്ദർശക വിസ

ചെലവ്

100 ഡോളര്‍ മുതല്‍

വിസ രേഖയെക്കുറിച്ച്

നിങ്ങളുടെ പാസ്‌പോർട്ടിൽ ഡിപ്പാര്ട്ട്മെന്‍റ് പതിപ്പിക്കുന്ന ഒരു ഔദ്യോഗിക രേഖയാണ് സന്ദർശക വിസ (താൽക്കാലിക താമസത്തിനുള്ള വിസ). കാനഡയിൽ പ്രവേശിക്കുന്നതിന് ആവശ്യമായ നിബന്ധനകൾ നിങ്ങൾ നിറവേറ്റുന്നുവെന്ന് ഇത് കാണിക്കുന്നു.

മിക്ക യാത്രക്കാർക്കും കാനഡയിലേക്ക് പോകാൻ സന്ദർശക വിസ ആവശ്യമാണ്. നിങ്ങളുടെ അന്തിമ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയിൽ ഒരു കനേഡിയൻ വിമാനത്താവളം വഴി യാത്ര ചെയ്യേണ്ടി വന്നാലും നിങ്ങൾക്ക് ഒരു വിസ  ആവശ്യമായി വന്നേക്കാം.

സന്ദർശക വിസയ്ക്കായി ഓൺലൈനായോ നേരിട്ടോ നിങ്ങൾക്ക് അപേക്ഷിക്കാം.

താമസം

ഭൂരിഭാഗം സന്ദർശകർക്കും കാനഡയിൽ 6 മാസം വരെ താമസിക്കാം.

പ്രവേശന സമയത്ത്, അതിർത്തി സേവന ഓഫീസർ നിങ്ങളെ 6 മാസത്തിൽ കുറവോ അതിൽ കൂടുതലോ താമസിക്കാൻ അനുവദിച്ചേക്കാം. അങ്ങനെയാണെങ്കിൽ, നിങ്ങൾ തിരിച്ചു പോകേണ്ട തീയതി അവർ നിങ്ങളുടെ പാസ്‌പോർട്ടിൽ പതിപ്പിക്കും. ‘വിസിറ്റര്‍ റെക്കോര്‍ഡ്‌ /സന്ദർശക രേഖ’ എന്ന് വിളിക്കുന്ന ഒരു രേഖയും അവർ നിങ്ങൾക്ക് നൽകിയേക്കാം. അതില്‍ നിങ്ങൾ തിരികെ പോകേണ്ട തീയതി ഉണ്ടാവും.

നിങ്ങളുടെ പാസ്‌പോർട്ടിൽ ഒരു സ്റ്റാമ്പ് പതിപ്പിച്ചില്ലെങ്കിൽ, നിങ്ങൾ കാനഡയിൽ പ്രവേശിച്ച ദിവസം മുതൽ 6 മാസം വരെയോ, അല്ലെങ്കിൽ നിങ്ങളുടെ പാസ്‌പോർട്ട് കാലഹരണപ്പെടുന്നതുവരെയോ, ഏതാണോ ആദ്യം വരുന്നത് അത് വരെ തുടരാം. നിങ്ങൾക്ക് സ്റ്റാമ്പ് ആവശ്യമുണ്ടെങ്കിൽ, ഒരു അതിർത്തി സേവന ഉദ്യോഗസ്ഥനോട് അത് ആവശ്യപ്പെടാം. പ്രാഥമിക പരിശോധന കിയോസ്‌കുകൾ (ബൂത്തുകള്‍) ഉപയോഗിക്കുന്ന ഒരു വിമാനത്താവളത്തിൽ നിങ്ങൾ എത്തുകയാണെങ്കിൽ, നിങ്ങൾ കിയോസ്‌കിലെ കാര്യങ്ങള്‍ പൂർത്തിയാക്കിയ ശേഷം അതിർത്തി ഉദ്യോഗസ്ഥരോട് ചോദിക്കുക.

അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ഒരു സന്ദർശക വിസ ആവശ്യമാണെന്ന് ഉറപ്പാക്കുക

നിങ്ങൾക്ക് ഒരു സന്ദർശക വിസ അല്ലെങ്കിൽ ഒരു ഇലക്ട്രോണിക് യാത്രാ-അംഗീകാരം ആവശ്യമായി വന്നേക്കാം. നിങ്ങൾക്ക് ആവശ്യമായ പ്രവേശന രേഖ ഇനിപ്പറയുന്നവയെ ആശ്രയിച്ചിരിക്കുന്നു:

  • നിങ്ങൾ യാത്ര ചെയ്യുമ്പോള്‍ കൂടെ കരുതാന്‍ ആഗ്രഹിക്കുന്ന യാത്രാ രേഖയുടെ തരം.
  • നിങ്ങളുടെ യാത്രാ രേഖ നൽകിയ രാജ്യം
  • നിങ്ങളുടെ ദേശീയത
  • കാനഡയിലേക്കുള്ള ഈ യാത്രയ്ക്കായി നിങ്ങള്‍ തിരഞ്ഞെടുത്ത യാത്രാ രീതി

യോഗ്യത

ഒരു സന്ദർശക വിസ ലഭിക്കുന്നതിന് നിങ്ങൾ ചില അടിസ്ഥാന നിബന്ധനകൾ പാലിക്കണം. നിങ്ങൾക്ക് തീർച്ചയായും:

  • പാസ്‌പോർട്ട് പോലെ സാധുവായ ഒരു യാത്രാ രേഖയുണ്ടായിരിക്കണം.
  • നല്ല ആരോഗ്യത്തോടെയിരിക്കേണ്ടതുണ്ട്.
  • ക്രിമിനൽ അല്ലെങ്കിൽ ഇമിഗ്രേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നുമുണ്ടാവാന്‍ പാടില്ല.
  • ഒരു ജോലി, വീട്, സാമ്പത്തിക ആസ്തികൾ അല്ലെങ്കിൽ കുടുംബം പോലുള്ള, നിങ്ങളെ നിങ്ങളുടെ നാട്ടിലേക്ക് തിരികെ പോകാന്‍ പ്രേരിപ്പിക്കുന്ന ബന്ധങ്ങളുണ്ടെന്ന് ഒരു ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തുക.
  • നിങ്ങളുടെ സന്ദർശനത്തിന്‍റെ അവസാനം നിങ്ങൾ കാനഡയിൽ നിന്ന് തിരിച്ചു പോകുമെന്ന് ഒരു ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തുക.
  • നിങ്ങളുടെ താമസത്തിന് മതിയായ പണമുണ്ട്.
  • നിങ്ങൾക്ക് ആവശ്യമായി വരുന്ന പണത്തിന്‍റെ അളവ് നിങ്ങൾ എത്ര ദിവസം താമസിക്കും, നിങ്ങൾ ഒരു ഹോട്ടലിൽ താമസിക്കുമോ അല്ലെങ്കിൽ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ കൂടെ താമസിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

ഒരു വൈദ്യ പരിശോധനയും കാനഡയിൽ താമസിക്കുന്ന ഒരാളുടെ ക്ഷണക്കത്തും നിങ്ങൾക്ക് ആവശ്യമായി വന്നേക്കാം.

ചില ആളുകൾക്ക് കാനഡയിലേക്ക് പ്രവേശിക്കാൻ അനുവാദമില്ല

ചില ആളുകൾക്ക് കാനഡയിലേക്ക് പ്രവേശനം ഇല്ല, അതിനർത്ഥം അവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദമില്ല എന്നതാണ്. താഴെ പറയുന്ന ഏതിലെങ്കിലും ഉൾപ്പെടുന്നതുൾപ്പെടെ, നിരവധി കാരണങ്ങളാൽ നിങ്ങൾക്ക് അനുവാദം ലഭിക്കാതിരിക്കാം:

  • ക്രിമിനൽ പ്രവർത്തനം
  • മനുഷ്യാവകാശ ലംഘനങ്ങൾ
  • സംഘടിത കുറ്റകൃത്യം

സുരക്ഷ, ആരോഗ്യ അല്ലെങ്കിൽ സാമ്പത്തിക കാരണങ്ങളാലും നിങ്ങൾക്ക് പ്രവേശനം അനുവദനീയമാവില്ല.

കാനഡയിലേക്ക് യാത്ര ചെയ്യുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾ

നിങ്ങളുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ (18 വയസ്സിന് താഴെയുള്ള കുട്ടികൾ) നിങ്ങളോടൊപ്പമോ, മറ്റൊരാളുമായോ അല്ലെങ്കിൽ ഒറ്റയ്ക്കോ യാത്ര ചെയ്യുകയാണെങ്കിൽ എന്തുചെയ്യണമെന്ന് നിങ്ങൾക്കറിയാമെന്ന് ഉറപ്പാക്കുക.

അപേക്ഷിക്കേണ്ടവിധം

സന്ദർശക വിസയ്ക്കായി ഓൺലൈനായോ നേരിട്ടോ നിങ്ങൾക്ക് അപേക്ഷിക്കാം.

എന്തുകൊണ്ട് നിങ്ങൾ ഓൺലൈനിൽ അപേക്ഷിക്കണം

  • കൊറിയർ ഫീസോ മെയിൽ ഡെലിവറി സമയമോ ഇല്ല – ഡിപ്പാര്ട്ട്മെന്‍റിന് നിങ്ങളുടെ അപേക്ഷ തൽക്ഷണം ലഭിക്കും.
  • ഓൺലൈൻ അപേക്ഷകൾ കൂടുതൽ വേഗത്തിൽ പ്രോസസ്സ് ചെയ്യാം/പരിഗണിക്കാം.
  • പ്രോസസ്സിംഗ് കാലതാമസം ഒഴിവാക്കാം. അപൂർണ്ണമായ അപേക്ഷകൾ നിങ്ങൾക്ക് ഉടനടി മടക്കിനൽകുന്നു. ഓൺലൈനിൽ അപേക്ഷിക്കുമ്പോള്‍ സമർപ്പിക്കുന്നതിനുമുമ്പ് നിങ്ങളുടെ അപേക്ഷ പൂർത്തിയായി എന്ന് ഉറപ്പാക്കാൻ സഹായിക്കുന്നു.
  • ഡിപ്പാര്ട്ട്മെന്‍റിന് കൂടുതൽ രേഖകൾ ആവശ്യപ്പെടണമെങ്കിൽ, നിങ്ങൾക്ക് അവ ഓൺലൈനിൽ വേഗത്തിൽ സമർപ്പിക്കാം.
  • ഡിപ്പാര്ട്ട്മെന്‍റ് ആവശ്യപ്പെടുന്നതുവരെ നിങ്ങളുടെ പാസ്‌പോർട്ട് സമർപ്പിക്കേണ്ടതില്ല.
  • നിങ്ങളുടെ അപേക്ഷയുടെ സ്ഥിതിയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടിൽ നേരിട്ട് കാണാം.

നിങ്ങൾ അപേക്ഷിച്ച ശേഷം

നിങ്ങളുടെ വിരലടയാളവും ഫോട്ടോയും (ബയോമെട്രിക്സ്) നൽകേണ്ടതുണ്ട്

മിക്ക കേസുകളിലും, നിങ്ങൾ ബയോമെട്രിക്സ് നൽകേണ്ടതുണ്ട്. നിങ്ങൾ ബയോമെട്രിക്സ് ഫീസ് അടച്ച് അപേക്ഷ സമർപ്പിച്ച ശേഷം, നിങ്ങളുടെ ബയോമെട്രിക്സ് നൽകണമെന്ന് പറയുന്ന ഒരു കത്ത് ഡിപ്പാര്ട്ട്മെന്‍റ് നിങ്ങൾക്ക് അയയ്ക്കും. നിങ്ങളുടെ ബയോമെട്രിക്സ് എങ്ങനെ, എവിടെ നൽകണമെന്ന് ആ കത്തിലുണ്ടാവും. ബയോമെട്രിക്സ് നൽകാൻ നിങ്ങൾക്ക് വ്യക്തിപരമായി 30 ദിവസം വരെ സമയമുണ്ട്.

ബയോമെട്രിക്സ് ഫീസ് നൽകിയിട്ടില്ലെങ്കിൽ, ആദ്യം ഇത് ചെയ്യാൻ ആവശ്യപ്പെട്ട് വകുപ്പ് നിങ്ങൾക്ക് ഒരു കത്ത് അയയ്ക്കും. ബയോമെട്രിക്സ് ഫീസ് അടച്ചാൽ മാത്രമേ നിങ്ങൾക്ക് നിർദ്ദേശങ്ങളടങ്ങിയ കത്ത് ലഭിക്കുകയുള്ളൂ.