പാര്ട്ട്ണര്‍/പങ്കാളി വിസ (വിദേശത്ത് നിന്ന് അപേക്ഷ സമര്പ്പി ക്കുമ്പോള്‍)

പാര്‍ട്ട്ണര്‍/പങ്കാളി വിസ (വിദേശത്ത് നിന്ന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍)

ഓസ്‌ട്രേലിയൻ പൗരന്‍റെയോ ഓസ്‌ട്രേലിയൻ സ്ഥിര താമസക്കാരന്‍റെയോ അല്ലെങ്കില്‍ യോഗ്യതയുള്ള ന്യൂസിലാന്‍റ് പൗരന്‍റെയോ ജീവിതപങ്കാളിക്ക് ഓസ്‌ട്രേലിയയിൽ താമസിക്കാനുള്ള അനുമതി നല്‍കുന്നു.

താൽ‌ക്കാലികവും സ്ഥിരവുമായ പാര്ട്ട്ണര്‍ വിസകൾ‌ക്കായി നിങ്ങൾ‌ ഒന്നിച്ച് അപേക്ഷിക്കേണ്ടാതായുണ്ട്.

പാര്ട്ട്ണര്‍ (താൽക്കാലിക) വിസ (സബ്ക്ലാസ് 309)

ഈ വിസ ഓസ്‌ട്രേലിയൻ പൗരന്‍റെയോ ഓസ്‌ട്രേലിയൻ സ്ഥിര താമസക്കാരന്‍റെയോ അല്ലെങ്കില്‍ യോഗ്യതയുള്ള ന്യൂസിലാന്‍റ് പൗരന്‍റെയോ ഡി ഫാക്റ്റോ പാര്ട്ട്ണര്‍ക്ക് (വിവാഹം കഴിക്കാത്ത ജീവിത പങ്കാളി) അല്ലെങ്കില്‍ വിവാഹം കഴിച്ച ജീവിതപങ്കാളിക്ക് ഓസ്‌ട്രേലിയയിൽ താല്‍ക്കാലികമായി താമസിക്കാനുള്ള അനുമതി നല്‍കുന്നു. സ്ഥിരമായ പാര്ട്ട്ണര്‍ വിസയിലേക്കുള്ള ആദ്യപടിയാണിത് (സബ്ക്ലാസ് 100).

  • ഇത് ഒരു താൽക്കാലിക വിസയാണ്.
  • ഇത് സ്ഥിരമായ പാര്ട്ട്ണര്‍ വിസയിലേക്ക് നയിക്കുന്നു.
  • അപേക്ഷിക്കുമ്പോൾ നിങ്ങൾ ഓസ്‌ട്രേലിയക്ക് പുറത്തായിരിക്കണം.

താമസം

നിങ്ങളുടെ സ്ഥിരമായ പാര്ട്ട്ണര്‍ (മൈഗ്രന്‍റ്/ കുടിയേറ്റ) വിസ (സബ്ക്ലാസ് 100) അപേക്ഷയില്‍ ഡിപ്പാര്ട്ട്മെന്‍റ് ഒരു തീരുമാനത്തില്‍ എത്തും വരെ അല്ലെങ്കിൽ അപേക്ഷ പിൻവലിക്കും വരെയുള്ള താൽക്കാലിക താമസം.

ചെലവ്

7,715 ഓസ്ട്രേലിയന്‍ ഡോളറില്‍ നിന്ന് തുടക്കം

പ്രക്രിയ സമയം

75% അപേക്ഷകൾ: 17 മാസം

90% അപേക്ഷകൾ: 23 മാസം

പാര്ട്ട്ണര്‍ (മൈഗ്രന്‍റ്/ കുടിയേറ്റ) വിസ (സബ്ക്ലാസ് 100)

ഈ വിസ ഓസ്‌ട്രേലിയൻ പൗരന്‍റെയോ ഓസ്‌ട്രേലിയൻ സ്ഥിര താമസക്കാരന്‍റെയോ അല്ലെങ്കില്‍ യോഗ്യതയുള്ള ന്യൂസിലാന്‍റ് പൗരന്‍റെയോ ഡി ഫാക്റ്റോ പാര്ട്ട്ണര്‍ക്ക് (വിവാഹം കഴിക്കാത്ത ജീവിത പങ്കാളി) അല്ലെങ്കില്‍ വിവാഹം കഴിച്ച ജീവിതപങ്കാളിക്ക് ഓസ്‌ട്രേലിയയിൽ സ്ഥിരമായി താമസിക്കാനുള്ള അനുമതി നല്‍കുന്നു. സാധാരണയായി ഇത് ഒരു താൽക്കാലിക പാര്ട്ട്ണര്‍ വിസ കൈവശമുള്ള ആളുകൾക്കാണ് അനുവദിക്കുക (സബ്ക്ലാസ് 309).

  • ഇത് ഒരു സ്ഥിരം വിസയാണ്.
  • നിങ്ങൾക്ക് ഒരു താൽക്കാലിക പാര്ട്ട്ണര്‍ വിസ ഉണ്ടായിരിക്കണം (സബ്ക്ലാസ് 309).

താമസം

സ്ഥിരമായ താമസം.

ചെലവ്

താൽക്കാലിക, സ്ഥിര പാര്ട്ട്ണര്‍ വിസകൾക്കായി നിങ്ങൾ ഒന്നിച്ചു അപേക്ഷിക്കുമ്പോൾ തന്നെ ഈ വിസയ്ക്കായുള്ള തുകയും നിങ്ങൾ അടച്ചിട്ടുണ്ട്.

പ്രക്രിയ സമയം

75% അപേക്ഷകൾ: 17 മാസം

90% അപേക്ഷകൾ: 22 മാസം

ഈ വിസ ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍

  • നിങ്ങളുടെ സ്ഥിരമായ പാര്ട്ട്ണര്‍ (മൈഗ്രന്‍റ്/ കുടിയേറ്റ) വിസ (സബ്ക്ലാസ് 100) അപേക്ഷയില്‍ ഒരു തീരുമാനമാകും വരെ അല്ലെങ്കിൽ അപേക്ഷ പിൻവലിക്കും വരെ ഓസ്‌ട്രേലിയയിൽ താമസം.
  • ഓസ്‌ട്രേലിയയിൽ ജോലി.
  • ഓസ്‌ട്രേലിയയിൽ പഠനം (നിങ്ങൾക്ക് സർക്കാർ സഹായം  ലഭിക്കില്ല).
  • ആവശ്യമുള്ളത്ര തവണ ഓസ്‌ട്രേലിയയുടെ അകത്തേക്കും പുറത്തേക്കും നിങ്ങൾക്ക് യാത്ര ചെയ്യാം.
  • ‘അഡല്റ്റ് മൈഗ്രന്‍റ് ഇംഗ്ലീഷ് പ്രോഗ്രാം’ (പ്രായപൂര്‍ത്തിയായ കുടിയേറ്റക്കാര്‍ക്കുള്ള ഇംഗ്ലീഷ് പഠന പദ്ധതി) നൽകുന്ന സൗജന്യ ഇംഗ്ലീഷ് ഭാഷാ ക്ലാസുകളിൽ 510 മണിക്കൂർ വരെ പങ്കെടുക്കാം.
  • ഓസ്‌ട്രേലിയയുടെ പൊതു ആരോഗ്യ പരിരക്ഷാ പദ്ധതിയായ ‘മെഡി‌കെയറി’ൽ ചേരാം.

നിങ്ങൾക്ക് എത്ര ദിവസം  താമസിക്കാം

നിങ്ങളുടെ സ്ഥിര വിസ (സബ്ക്ലാസ് 100) അപേക്ഷയില്‍  ഒരു തീരുമാനമാകും വരെ അല്ലെങ്കിൽ നിങ്ങൾ അപേക്ഷ പിൻവലിക്കുന്നത് വരെ ഈ വിസയിൽ തുടരാം.

മിക്ക അപേക്ഷകർക്കും, ഇങ്ങനെ താമസത്തിനുള്ള അനുമതി 15 മുതൽ 24 മാസം വരെയാണ്.

എന്നാല്‍ ചില സാഹചര്യങ്ങളിൽ, ഈ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് നിങ്ങൾ ഒരു ദീർഘകാല ബന്ധത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെങ്കില്‍, നിങ്ങള്ക്ക് 309 വിസയിൽ തുടരേണ്ടി വരില്ല. താൽക്കാലിക 309 വിസ അനുവദിച്ച ഉടൻ തന്നെ നിങ്ങൾക്ക് സ്ഥിര വിസയും അനുവദിച്ചേക്കാം.

കുടുംബാംഗങ്ങളെ ഉൾപ്പെടുത്തുന്ന പ്രക്രിയ

നിങ്ങളുടെ കുടുംബാഗങ്ങളെയും നിങ്ങളുടെ അപേക്ഷയിൽ ഉൾപ്പെടുത്താം.

അവരെ നിങ്ങൾക്ക്:

  • നിങ്ങളുടെ വിസ അപേക്ഷ സമർപ്പിക്കുമ്പോൾ ഉൾപ്പെടുത്താം.
  • അപേക്ഷ സമർപ്പിച്ചതിനുശേഷം എന്നാല്‍ നിങ്ങളുടെ താൽക്കാലിക വിസയെക്കുറിച്ച് ഒരു തീരുമാനം വരുന്നതിന് മുമ്പായി ഒരു ആശ്രിതയായ കുട്ടിയെ (ഡിപൻഡന്‍റ് ചൈൽഡ്) അപേക്ഷയില്‍ ചേർക്കാം.

നിങ്ങളോടൊപ്പം അപേക്ഷിക്കുന്ന കുടുംബാംഗങ്ങൾ നിര്‍ബന്ധമായും:

  • ആരോഗ്യപരമായ കാര്യങ്ങളെക്കുറിച്ചുള്ള നിബന്ധനകള്‍ നിറവേറ്റിയിരിക്കണം.
  • സ്വഭാവസവിശേഷതകളെ പറ്റിയുള്ള  ഞങ്ങളുടെ നിബന്ധനകള്‍ നിറവേറ്റിയിരിക്കണം.
  • ഓസ്‌ട്രേലിയക്ക് പുറത്തായിരിക്കണം.

ഞങ്ങൾ താൽക്കാലിക വിസ നൽകിയ ശേഷവും നിങ്ങൾക്ക് അവരെ ചേര്‍ക്കാം.

ചെലവ്

പ്രധാന അപേക്ഷകന്‍  7,715 ഓസ്ട്രെലിയന്‍ ഡോളറാണ് അടക്കേണ്ടത്. ഈ തുകയില്‍  താഴെ പറയുന്ന രണ്ടും ഉൾപ്പെടുന്നു:

  • താൽക്കാലിക വിസ
  • സ്ഥിരമായ പാര്ട്ട്ണര്‍ (മൈഗ്രന്‍റ്/ കുടിയേറ്റ) വിസ (സബ്ക്ലാസ് 100)

സബ്ക്ലാസ് 445 പ്രകാരം ആശ്രിതയായ കുട്ടിയുടെ വിസ (ഡിപൻഡന്‍റ് ചൈൽഡ് വിസ) ഇല്ലെങ്കിൽ നിങ്ങളോടൊപ്പം വിസയ്ക്ക് അപേക്ഷിക്കുന്ന ഓരോ കുടുംബാംഗത്തിനും പ്രത്യേകം ഫീസടക്കേണ്ടതുണ്ട്. സബ്ക്ലാസ് 445 വിസ ഉള്ളവര്‍ക്ക് ഫീസൊന്നുമില്ല.

നിങ്ങളുടെ വിസയ്ക്ക് എത്ര പണം ചിലവാകുമെന്ന് മനസ്സിലാക്കാൻ വിസ പ്രൈസിംഗ് എസ്ടിമേറ്റര്‍ (വിസ വിലനിർണ്ണയ പരിശോധനാസഹായി) ഉപയോഗിക്കുക.

പോലീസ് സർട്ടിഫിക്കറ്റുകൾ, ആരോഗ്യ പരിശോധനകൾ അല്ലെങ്കിൽ ബയോമെട്രിക്സ് എന്നിവ പോലുള്ള മറ്റ് ചിലവുകള്‍ എസ്ടിമേറ്റര്‍ കണക്കാക്കുന്നില്ല.

അപേക്ഷ എവിടെ നിന്ന്?

ഈ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ നിങ്ങൾ ഓസ്‌ട്രേലിയക്ക് പുറത്തായിരിക്കണം. നിങ്ങളുടെ താൽക്കാലിക വിസ അപേക്ഷയില്‍ ഒരു തീരുമാനം ആവും വരെ നിങ്ങൾ ഓസ്‌ട്രേലിയക്ക് പുറത്തായിരിക്കണം.

പ്രക്രിയാ സമയം

താഴെ പറയുന്നവയില്‍ ഏതെങ്കിലും നിങ്ങള്‍ക്ക് ബാധകമാണെങ്കില്‍ നിങ്ങളുടെ അപേക്ഷയില്‍ കൂടുതൽ സമയമെടുക്കും:

  • നിങ്ങൾ അപേക്ഷ ശരിയായി പൂരിപ്പിക്കുന്നില്ല.
  • ആവശ്യമായ എല്ലാ രേഖകളും നിങ്ങൾ സമര്‍പ്പിക്കുന്നില്ല അല്ലെങ്കിൽ നിങ്ങളിൽ നിന്ന് ഡിപാര്‍ട്ട്മെന്‍റിന് കൂടുതൽ വിവരങ്ങൾ ആവശ്യമാണ്.
  • നിങ്ങളുടെ വിവരങ്ങൾ പരിശോധിക്കാൻ സമയമെടുക്കും.

ശരിയായ വിസ അപേക്ഷ തുക നിങ്ങൾ നൽകിയില്ലെങ്കിൽ നിങ്ങളുടെ അപേക്ഷ പൂര്‍ത്തിയാക്കാൻ കഴിയില്ല. ഇങ്ങനെയാണെങ്കിൽ നിങ്ങള്‍ക്ക് അറിയിപ്പ് ലഭിക്കും.

നിങ്ങളുടെ ബാധ്യതകൾ

നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും എല്ലാ വിസ വ്യവസ്ഥകളും പാലിക്കുകയും ഓസ്‌ട്രേലിയൻ നിയമങ്ങൾ അനുസരിക്കുകയും ചെയ്യണം.

കുറിപ്പ്: നിങ്ങളുടെ ഗ്രാന്‍റ് ലെറ്ററിൽ (അനുമതി കത്തില്‍) വ്യക്തമാക്കിയ തീയതിക്ക് മുമ്പ് നിങ്ങൾ ഓസ്ട്രേലിയയിൽ പ്രവേശിക്കണം. വിസ ഗ്രാന്‍റ് തീയതിയില്‍ നിന്ന് 12 മാസം കഴിഞ്ഞുള്ള ഒരു തീയതിയായിരിക്കും സാധാരണയായി ആദ്യ പ്രവേശന തീയതിയായി നിശ്ചയിച്ചിട്ടുണ്ടാവുക.

യാത്ര

നിങ്ങൾക്ക് ആവശ്യമുള്ളത്ര തവണ ഓസ്‌ട്രേലിയക്ക് അകത്തേക്കും പുറത്തേക്കും പോകാം.

കുറിപ്പ്: നിങ്ങളുടെ വിസ ഗ്രാന്‍റ് ലെറ്ററിൽ വ്യക്തമാക്കിയ തീയതിക്ക് മുമ്പായി ഈ വിസയുടെ ഉടമയായ നിങ്ങൾ ഓസ്‌ട്രേലിയയിലേക്കുള്ള ആദ്യ പ്രവേശനം നടത്തണം. വിസ ഗ്രാന്‍റ് തീയതിയില്‍ നിന്ന് 12 മാസം കഴിഞ്ഞുള്ള ഒരു തീയതിയായിരിക്കും  സാധാരണയായി ആദ്യ പ്രവേശന തീയതിയായി നിശ്ചയിച്ചിട്ടുണ്ടാവുക.

വിസ ലേബൽ

നിങ്ങളുടെ വിസ നിങ്ങളുടെ പാസ്‌പോർട്ടിലേക്ക് ഡിജിറ്റലായി ബന്ധിപ്പിച്ചിട്ടുണ്ടാവും. പാസ്‌പോർട്ടിൽ നിങ്ങള്‍ക്ക് ലേബൽ ലഭിക്കില്ല.

തിരിച്ചറിയൽ രേഖകൾ

മാതാവിന്‍റെയും പിതാവിന്‍റെയും പേരുകൾ കാണിക്കുന്ന ജനന സർട്ടിഫിക്കറ്റ് സമര്‍പ്പിക്കുക.

നിങ്ങൾക്ക് ഇത് സമര്‍പ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, ഇനിപ്പറയുന്നതിൽ ഒന്ന് സമര്‍പ്പിക്കുക:

  • മാതാവിന്‍റെയും പിതാവിന്‍റെയും പേരുകൾ കാണിക്കുന്ന ഒരു കുടുംബ പുസ്തകത്തിന്‍റെ തിരിച്ചറിയൽ പേജുകൾ.
  • സർക്കാർ നൽകിയ തിരിച്ചറിയൽ രേഖയുടെ തിരിച്ചറിയൽ പേജുകൾ.
  • നിങ്ങളുടെ ഐഡന്‍റിറ്റി(വ്യക്തിത്വം) തെളിയിക്കുന്ന കോടതി നൽകിയ രേഖയുടെ തിരിച്ചറിയൽ പേജുകൾ.
  • കുടുംബ സെൻസസ് രജിസ്റ്ററിന്‍റെ തിരിച്ചറിയൽ പേജുകൾ.

കൂടാതെ ഇവയും സമര്‍പ്പിക്കുക:

  • നിങ്ങളുടെ ഫോട്ടോ, വ്യക്തിഗത വിശദാംശങ്ങൾ, പാസ്‌പോർട്ട് ഇഷ്യു, എക്സ്പയറി തീയതികൾ എന്നിവ കാണിക്കുന്ന നിലവിലെ പാസ്‌പോർട്ടിന്‍റെ പേജുകൾ.
  • നിങ്ങൾക്ക് ഒരു ദേശീയ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ അത്
  • പേര് മാറ്റിയിട്ടുണ്ടെങ്കില്‍ അതിന്‍റെ തെളിവുകളായി താഴെ പറയുന്നവ സമര്‍പ്പിക്കുക:
  • വിവാഹത്തിന്‍റെയോ വിവാഹമോചനത്തിന്‍റെയോ സർട്ടിഫിക്കറ്റുകള്‍.
  • ഓസ്‌ട്രേലിയൻ രജിസ്ട്രി ഓഫ് ബര്‍ത്ത്, ഡത്ത്, ആന്‍ഡ്‌ മാര്യേജില്‍ (ജനനം, മരണം, വിവാഹം) നിന്നോ അല്ലെങ്കിൽ ബന്ധപ്പെട്ട വിദേശ അതോറിറ്റിയില്‍ നിന്നുള്ള പേര് മാറ്റത്തിന്‍റെ രേഖകൾ.
  • നിങ്ങൾ അറിയപ്പെടുന്ന മറ്റ് പേരുകൾ കാണിക്കുന്ന രേഖകൾ.

പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം

നിങ്ങൾ വിവാഹിതരാണെങ്കിൽ, നിങ്ങളുടെ വിവാഹ സർട്ടിഫിക്കറ്റോ ഓസ്‌ട്രേലിയയിൽ നിങ്ങളുടെ വിവാഹം സാധുതയുള്ളതാണെന്നത് കാണിക്കുന്ന മറ്റ് തെളിവുകളോ സമര്‍പ്പിക്കുക. നിങ്ങൾ ഒരു ഡി ഫാക്റ്റോ (വിവാഹം കഴിക്കാത്ത ജീവിത പങ്കാളി) പങ്കാളിയാണെങ്കിൽ, നിങ്ങളുടെ ബന്ധത്തിന്‍റെ തെളിവ് നൽകുക.

അതിനുള്ള തെളിവുകള്‍ തെളിയിക്കേണ്ടത് ഇതൊക്കെയാണ്:

  • മറ്റു ബന്ധങ്ങള്‍ ഒഴിവാക്കി നിങ്ങളും നിങ്ങളുടെ ജീവിതപങ്കാളിയും പരസ്പര പ്രതിബദ്ധതയോടെ ജീവിക്കുന്നു.
  • നിങ്ങളുടെ ബന്ധം യഥാർത്ഥവും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമാണ്.
  • നിങ്ങൾ ഒന്നിച്ച് താമസിക്കുന്നു അല്ലെങ്കിൽ സ്ഥിരമായി പിരിഞ്ഞു താമസിക്കുന്നില്ല.
  • നിങ്ങൾ ബന്ധുക്കള്‍ ആയിരിക്കാന്‍ പാടില്ല.

കൂടാതെ താഴെ പറയുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങളെ എഴുതി അറിയിക്കുക:

  • നിങ്ങൾ ആദ്യമായി എങ്ങനെ, എപ്പോൾ, എവിടെയാണ് കണ്ടുമുട്ടിയത്.
  • ബന്ധം എങ്ങനെ വികസിച്ചു.
  • നിങ്ങൾ എപ്പോള്‍ ഒരുമിച്ച് താമസിക്കുകയോ വിവാഹനിശ്ചയം നടത്തുകയോ വിവാഹം കഴിക്കുകയോ ചെയ്തു.
  • നിങ്ങൾ ഒരുമിച്ച് എന്തൊക്കെ ചെയ്യുന്നു.
  • നിങ്ങൾ പിരിഞ്ഞു താമസിച്ച സമയം
  • നിങ്ങളുടെ ബന്ധത്തിലെ സുപ്രധാന സംഭവങ്ങൾ
  • നിങ്ങളുടെ ഭാവി പദ്ധതികൾ

സാമ്പത്തിക കാര്യങ്ങള്‍

നിങ്ങളും പങ്കാളിയും സാമ്പത്തിക കാര്യങ്ങൾ എങ്ങനെ പങ്കിടുന്നുവെന്ന് കാണിക്കുക. അതിനായി നിങ്ങൾക്ക് സമര്‍പ്പിക്കാവുന്നത്:

  • സംയുക്ത മോർട്ട്ഗേജ് (ജാമ്യം) അല്ലെങ്കിൽ ലീസ് (പാട്ട) രേഖകൾ.
  • വീടുകൾ, കാറുകൾ അല്ലെങ്കിൽ പ്രധാന ഉപകരണങ്ങൾ പോലുള്ള പ്രധാന ആസ്തികൾക്കുള്ള സംയുക്ത വായ്പ രേഖകൾ.
  • ജോയിന്‍റ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റുകൾ.
  • രണ്ട് പേരുടെയും പേര്‍ക്കുമുള്ള ഗാർഹിക ബില്ലുകൾ.

ഗാര്‍ഹിക കാര്യങ്ങള്‍

നിങ്ങളും പങ്കാളിയും ആഭ്യന്തര കാര്യങ്ങൾ എങ്ങനെ പങ്കിടുന്നുവെന്ന് കാണിക്കുക. അതിനായി നിങ്ങൾക്ക് സമര്‍പ്പിക്കാവുന്നത്:

  • നിങ്ങൾ വീട്ടുജോലി എങ്ങനെ പങ്കിടുന്നു എന്നതിനെക്കുറിച്ചുള്ള ഒരു പ്രസ്താവന.
  • രണ്ട് പേരുടെയും പേര്‍ക്കുള്ള ഗാർഹിക ബില്ലുകൾ.
  • നിങ്ങൾ രണ്ടുപേരെയും അഭിസംബോധന ചെയ്തുള്ള കത്തുകൾ അല്ലെങ്കിൽ ഇമെയിലുകൾ.
  • കുട്ടികളോടുള്ള സംയുക്ത ഉത്തരവാദിത്തം കാണിക്കുന്ന രേഖകൾ.
  • നിങ്ങളുടെ ജീവിത ക്രമീകരണം തെളിയിക്കുന്ന രേഖകൾ

സാമൂഹിക കാര്യങ്ങൾ

നിങ്ങളുടെ ബന്ധത്തെക്കുറിച്ച് മറ്റുള്ളവർക്ക് അറിയാമെന്ന് കാണിക്കുക. അതിനായി നിങ്ങൾക്ക് സമര്‍പ്പിക്കാവുന്നത്:

  • നിങ്ങൾ ഒരുമിച്ച് പുറത്തുപോകുന്നുവെന്നതിനുള്ള തെളിവുകളോ സംയുക്തമായുള്ള ക്ഷണക്കത്തുകളോ
  • നിങ്ങൾക്ക് പൊതുവായ കൂട്ടുകാരുണ്ടെന്നുള്ള തെളിവ്
  • നിങ്ങളുടെ ബന്ധത്തെക്കുറിച്ച് സർക്കാർ, പൊതു അല്ലെങ്കിൽ വാണിജ്യ സ്ഥാപനങ്ങളെ നിങ്ങൾ അറിയിച്ചിട്ടുണ്ടെന്ന തെളിവ്
  • നിങ്ങൾ ഒന്നിച്ചു കായിക, സാംസ്കാരിക അല്ലെങ്കിൽ സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യുന്നു എന്നതിന് തെളിവ്
  • നിങ്ങൾ ഒരുമിച്ച് യാത്ര ചെയ്തതിന്‍റെ തെളിവ്
  • നിങ്ങളുടെ പങ്കാളിയുടെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്നുള്ള, അവർ നിങ്ങളുടെ ബന്ധം എങ്ങനെ കാണുന്നുവെന്നതിനെക്കുറിച്ചുള്ള നിയമപരമായ പ്രഖ്യാപനങ്ങൾ.
  • ഒരു പാര്‍ട്ട്ണര്‍ അല്ലെങ്കിൽ പ്രോസ്പെക്റ്റീവ് മാര്യേജ് (വിവാഹസാധ്യതയുള്ള രണ്ടാളുകളുടെ) വിസ അപേക്ഷക്ക്, ഫോം 888 ഉപയോഗിച്ച് ഒരു സാക്ഷിക്ക് സ്റ്റാറ്റ്യൂട്ടറി ഡിക്ലറേഷൻ (സാക്ഷ്യപത്രം/നിയമപരമായ പ്രഖ്യാപനം) നല്‍കാം.

പ്രതിബദ്ധത

ഒരു ദീർഘകാല ബന്ധത്തിന് നിങ്ങൾ പരസ്പരം എങ്ങനെ പ്രതിജ്ഞാബദ്ധരാണെന്ന് കാണിക്കുക. അതിനായി നിങ്ങൾക്ക് സമര്‍പ്പിക്കാവുന്നത്:

  • നിങ്ങൾക്ക് പരസ്പരം പശ്ചാത്തലം, കുടുംബ സാഹചര്യം അല്ലെങ്കിൽ മറ്റ് വ്യക്തിഗത വിശദാംശങ്ങൾ എന്നിവയെക്കുറിച്ച് അറിവുണ്ടെന്നതിനുള്ള തെളിവുകള്‍. ഇത് ഞങ്ങളോട് നിങ്ങൾക്ക് അഭിമുഖ സമയത്ത് പറയാൻ കഴിയും.
  • നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ സംയോജിപ്പിച്ചുവെന്നതിനുള്ള തെളിവ്.
  • നിങ്ങളുടെ വില്‍പ്പത്രത്തിലെ നിബന്ധനകൾ.
  • നിങ്ങൾ പിരിഞ്ഞു താമസിക്കുമ്പോഴും ബന്ധം പുലർത്തുന്നുവെന്നതിനുള്ള തെളിവ്.

ഒരു ഡി ഫാക്ടോ ബന്ധമാണെങ്കില്‍ ആവശ്യമായ അധിക തെളിവുകള്‍

നിങ്ങളുടെ ബന്ധം തെളിയിക്കുന്ന രേഖകൾക്ക് പുറമേ, നിങ്ങൾ ഈ വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് കുറഞ്ഞത് 12 മാസമായെങ്കിലും ഒരു ഡി ഫാക്ടോബന്ധത്തിലാണെന്ന് തെളിയിക്കുക.

നിങ്ങൾ ബന്ധത്തിലായിട്ട് 12 മാസമായില്ലെങ്കിൽ, ഈ നിബന്ധന എന്തുകൊണ്ട് നിങ്ങൾക്ക് ബാധകമല്ലെന്ന് രേഖാമൂലം അറിയിക്കുക. ഉദാഹരണത്തിന്:

  • ഒരു ഓസ്‌ട്രേലിയൻ ജനനം, മരണം, വിവാഹ ഏജൻസിയില്‍ നിങ്ങളുടെ ബന്ധം രജിസ്റ്റർ ചെയ്തതിനുള്ള തെളിവുകൾ നൽകുക, അല്ലെങ്കിൽ
  • വിസ അനുവദിക്കുന്നതിന് നിർബന്ധിതവും അനുകമ്പാപൂർണ്ണവുമായ സാഹചര്യങ്ങൾ ഉണ്ടെന്ന് വിശദീകരിക്കുക.

മറ്റ് ബന്ധങ്ങൾ

നിങ്ങൾ മുമ്പ് വിവാഹിതരോ, വിധവകളോ, വിവാഹമോചിതരോ, സ്ഥിരമായി വേർപിരിഞ്ഞു താമസിക്കുന്നവരോ ആണെങ്കിൽ, വിവാഹമോചന രേഖകൾ, മരണ സർട്ടിഫിക്കറ്റുകൾ, വേർപിരിയൽ രേഖകൾ അല്ലെങ്കിൽ നിയമപരമായ പ്രഖ്യാപനങ്ങൾ എന്നിവ സമര്‍പ്പിക്കുക.

സ്വഭാവ സംബന്ധമായ രേഖകള്‍

നിങ്ങൾക്ക് 16 വയസ്സ് തികഞ്ഞതിനുശേഷം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഓസ്‌ട്രേലിയയിൽ 12 മാസമോ അതിൽ കൂടുതലോ ചെലവഴിച്ചിട്ടുണ്ടെങ്കിൽ അത് തെളിയിക്കുന്ന ഒരു ഓസ്‌ട്രേലിയൻ പോലീസ് സർട്ടിഫിക്കറ്റ് സമര്‍പ്പിക്കുക.

ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് നൽകുന്ന പൂർണ്ണ വെളിപ്പെടുത്തൽ ദേശീയ പോലീസ് സർട്ടിഫിക്കറ്റുകൾ (കമ്പ്ലീറ്റ്‌ ഡിസ്ക്ക്ലോഷര്‍ നാഷണല്‍ പോലീസ് സർട്ടിഫിക്കറ്റുകൾ) മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓസ്‌ട്രേലിയൻ സ്റ്റേറ്റ് അല്ലെങ്കിൽ ടെറിട്ടറി പോലീസ് നൽകുന്ന സ്റ്റാൻഡേർഡ് വെളിപ്പെടുത്തൽ സർട്ടിഫിക്കറ്റുകളോ ദേശീയ പോലീസ് സർട്ടിഫിക്കറ്റുകളോ ഡിപ്പാര്ട്ട്മെന്‍റ്  സ്വീകരിക്കുന്നതല്ല.

കൂടാതെ ഇവയും സമര്‍പ്പിക്കുക:

  • 16 വയസ്സ് തികഞ്ഞതിനുശേഷം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, 12 മാസമോ അതിൽ കൂടുതലോ നിങ്ങൾ ചെലവഴിച്ച, നിങ്ങളുടെ സ്വന്തം രാജ്യം ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഒരു വിദേശ പോലീസ് സർട്ടിഫിക്കറ്റ്.
  • നിങ്ങൾ ഏതെങ്കിലും രാജ്യത്തിന്‍റെ സായുധ സേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിൽ അവിടുന്നുള്ള സൈനിക സേവന രേഖകൾ അല്ലെങ്കിൽ ഡിസ്ചാർജ് പേപ്പറുകൾ (വിടുതല്‍ രേഖകള്‍).

സ്വഭാവസവിശേഷത വിലയിരുത്തലുകള്‍ ഉൾപ്പെടെയുള്ള വിലയിരുത്തലുകള്‍ക്കായി ഫോം 80 യിലെ വ്യക്തിഗത വിവരങ്ങൾ അടക്കമുള്ളവ പൂരിപ്പിച്ച് നൽകുക.

18 വയസ്സിനു താഴെയുള്ള ആശ്രിതർ സമര്‍പ്പിക്കേണ്ട രേഖകള്‍

നിങ്ങളോടൊപ്പം അപേക്ഷിക്കുന്ന 18 വയസ്സിന് താഴെയുള്ള ഓരോ ആശ്രിതരും ഇനിപ്പറയുന്നവ സമര്‍പ്പിക്കുക:

  • തിരിച്ചറിയൽ രേഖകൾ
  • നിങ്ങളുടെ ആശ്രിതനുമായുള്ള നിങ്ങളുടെ ബന്ധം കാണിക്കുന്ന ജനനമോ വിവാഹ സർട്ടിഫിക്കറ്റോ പോലുള്ള തെളിവ്.
  • ആശ്രിതന് 16 അല്ലെങ്കിൽ 17 വയസ്സ് പ്രായമുണ്ടെങ്കിൽ സ്വഭാവസവിശേഷത വിലയിരുത്തലുകള്‍.
  • ബാധകമെങ്കിൽ, ദത്തെടുക്കൽ രേഖകൾ അല്ലെങ്കിൽ രക്ഷാകർതൃ കോടതി ഉത്തരവുകൾ.
  • ബാധകമെങ്കിൽ, സ്കൂൾ, കോളേജ് അല്ലെങ്കിൽ സർവ്വകലാശാല എൻറോൾമെന്‍റിന്‍റെ തെളിവ്.
  • ബാധകമെങ്കിൽ, പൂര്‍ണ്ണ സംരക്ഷണത്തിനുള്ള അവകാശത്തിന്‍റെ തെളിവ്.

രക്ഷാകർതൃ ഉത്തരവാദിത്ത രേഖകൾ

18 വയസ്സിന് താഴെയുള്ള ഏതൊരു അപേക്ഷകനും ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നതിന് മുന്പായി സമ്മതം വാങ്ങേണ്ടത് ഇവരില്‍ നിന്നുമാണ്:

  • കുട്ടി എവിടെയാണ് താമസിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള നിയമപരമായ അവകാശമുള്ള വ്യക്തി.
  • കുട്ടിയോടൊപ്പം ഓസ്‌ട്രേലിയയിലേക്ക് വരാത്ത വ്യക്തി.

അവര്‍ ഇവയില്‍ ഏതെങ്കിലുമൊന്നു പൂരിപ്പിക്കണം:

  • 18 വയസ്സിന് താഴെയുള്ള കുട്ടിക്ക് ഓസ്‌ട്രേലിയൻ വിസ അനുവദിക്കുന്നതിനുള്ള സമ്മതപത്രമായ ഫോം 1229.
  • ഈ വിസയിൽ കുട്ടിക്ക് ഓസ്‌ട്രേലിയ സന്ദർശിക്കാൻ അവരുടെ സമ്മതം നൽകുന്ന ഒരു നിയമപരമായ പ്രഖ്യാപനം.

അല്ലെങ്കില്‍ അതിനു പകരമായി നിങ്ങൾക്ക് സമര്‍പ്പിക്കാവുന്നവ:

  • നിങ്ങളുടെ കുട്ടിയെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ അനുവദിക്കുന്ന ഒരു ഓസ്‌ട്രേലിയൻ കോടതി ഉത്തരവ്.
  • അവരെ കുടിയേറാൻ അനുവദിക്കുന്ന നിങ്ങളുടെ മാതൃരാജ്യത്തിലെ നിയമങ്ങൾ.

കൂടാതെ ഇവയും ഉള്‍പ്പെടുത്തുക:

  • പ്രഖ്യാപനം പൂർത്തിയാക്കിയ വ്യക്തിയുടെ ഒപ്പും ഫോട്ടോയും കാണിക്കുന്ന പാസ്പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള ഫോം അല്ലെങ്കിൽ ഒരു തിരിച്ചറിയല്‍ രേഖ.
  • ബാധകമെങ്കിൽ, ദത്തെടുക്കൽ രേഖകൾ അല്ലെങ്കിൽ മറ്റ് കോടതി രേഖകൾ.

18 വയസ്സിനു മുകളിലുള്ള ആശ്രിതർ സമര്‍പ്പിക്കേണ്ട രേഖകള്‍

നിങ്ങളോടൊപ്പം അപേക്ഷിക്കുന്ന 18 വയസ്സിന് മുകളിലുള്ള ഓരോ ആശ്രിതരും ഇനിപ്പറയുന്നവ സമര്‍പ്പിക്കുക:

  • തിരിച്ചറിയൽ രേഖകൾ
  • ബാധകമെങ്കിൽ, അവരുടെ മറ്റ് ബന്ധങ്ങളെക്കുറിച്ചുള്ള രേഖകൾ
  • ബാധകമെങ്കിൽ, സ്വഭാവസവിശേഷത വിലയിരുത്തല്‍ രേഖകൾ.
  • ബാധകമെങ്കിൽ, ദത്തെടുക്കൽ രേഖകൾ അല്ലെങ്കിൽ രക്ഷാകർതൃ കോടതി ഉത്തരവുകൾ.

ആശ്രയത്വത്തിന്‍റെ തെളിവുകള്‍

ഈ വ്യക്തി നിങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് നിങ്ങൾ തെളിയിക്കേണ്ടതുണ്ട്. അതിനായി സമര്‍പ്പിക്കേണ്ടവ:

  • 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഒരു കുട്ടിയുടെ അല്ലെങ്കിൽ മറ്റ് ആശ്രിത കുടുംബാംഗങ്ങളുടെ വിശദാംശങ്ങൾ അടങ്ങുന്ന പൂരിപ്പിച്ച ഫോം 47 എ.
  • ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ദത്തെടുക്കൽ രേഖകൾ പോലുള്ള ആശ്രിതരുമായുള്ള നിങ്ങളുടെ ബന്ധം തെളിയിക്കുന്ന രേഖകൾ.

അപേക്ഷിക്കുന്നതിന് മുമ്പ് കുറഞ്ഞത് 12 മാസമെങ്കിലും ഈ വ്യക്തി നിങ്ങളെ സാമ്പത്തികമായി ആശ്രയിച്ചിട്ടുണ്ടെന്നും നിങ്ങൾ തെളിയിക്കണം. അതിനായി സമര്‍പ്പിക്കേണ്ടവ:

  • അവർ നിങ്ങളോടൊപ്പം താമസിക്കുന്നുവെന്നതിന് തെളിവ്
  • അവരുടെ നികുതി രേഖകൾ
  • അവർ നിലവിൽ പഠിക്കുകയാണെന്നുള്ളതിനുള്ള തെളിവ്

വിവർത്തനം ലഭ്യമാക്കുക

എല്ലാ ഇംഗ്ലീഷ് ഇതര രേഖകളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.

ഓസ്‌ട്രേലിയയിലെ പരിഭാഷകര്‍ക്ക് ‘നാഷണൽ അക്രഡിറ്റേഷൻ അതോറിറ്റി ഫോർ ട്രാൻസ്ലേറ്റർമാർ ആന്‍ഡ്‌ ഇന്റർപ്രെറ്റർ’ന്‍റെ അംഗീകാരം ഉണ്ടായിരിക്കണം.

ഓസ്‌ട്രേലിയക്ക് പുറത്തുള്ള വിവർത്തകർക്ക് അംഗീകാരം ആവശ്യമില്ല. എന്നാൽ ഓരോ വിവർത്തനത്തിലും ഇവ ഉൾപ്പെടുത്തിയിരിക്കണം:

  • പൂർണ്ണമായ പേര്
  • വിലാസവും ടെലിഫോൺ നമ്പറും
  • വിവർത്തനം ചെയ്യുന്ന ഭാഷയിലെ അവരുടെ യോഗ്യതകളും പരിചയവും

ഈ വിശദാംശങ്ങൾ ഇംഗ്ലീഷിലായിരിക്കണം.

കുറിപ്പ്: ഇവ സാക്ഷ്യപ്പെടുത്തിയ രേഖകളായിരിക്കണം എന്ന് നിര്‍ബന്ധമില്ല.

അനന്തരഫലം

നിങ്ങളുടെ താൽക്കാലിക വിസ അപേക്ഷയില്‍ തീരുമാനമാകുമ്പോൾ നിങ്ങൾ ഓസ്‌ട്രേലിയക്ക് പുറത്തായിരിക്കണം.

തീരുമാനം രേഖാമൂലം നിങ്ങളെ അറിയിക്കും.

നിങ്ങളുടെ വിസ അനുവദിക്കപ്പെടുകയാണെങ്കിൽ, നിങ്ങളെ ഡിപ്പാര്ട്ട്മെന്‍റ്  ഇതൊക്കെ അറിയിക്കും:

  • നിങ്ങളുടെ വിസ ഗ്രാന്‍റ് നമ്പർ
  • നിങ്ങളുടെ വിസ ആരംഭിക്കുന്ന തീയതി
  • ബാധകമെങ്കിൽ, നിങ്ങളുടെ വിസയിലെ വ്യവസ്ഥകൾ

തീരുമാനത്തിന്‍റെ ഒരു പകർപ്പ് സൂക്ഷിക്കുക.

നിങ്ങളുടെ വിസ നിരസിക്കുകയാണെങ്കിൽ, ഡിപ്പാര്ട്ട്മെന്‍റ്  നിങ്ങളെ ഇതൊക്കെ അറിയിക്കും:

  • എന്തുകൊണ്ടാണ് ഡിപ്പാര്ട്ട്മെന്‍റ് വിസ നിരസിച്ചത്
  • തീരുമാനത്തിന്‍റെ പുനരവലോകനത്തിന് നിങ്ങൾക്ക് അവകാശമുണ്ടോ

നിങ്ങളുടെ അപേക്ഷ നിരസിക്കപ്പെടുകയാണെങ്കിൽ അപേക്ഷാ ഫീസ് തിരികെ ലഭിക്കില്ല.