സന്ദർശക വിസ (സബ്ക്ലാസ് 600) (ഓസ്‌ട്രേലിയക്ക് പുറത്ത് നിന്നുള്ള അപേക്ഷ)

സന്ദർശക വിസ (സബ്ക്ലാസ് 600) (ഓസ്‌ട്രേലിയക്ക് പുറത്ത് നിന്നുള്ള അപേക്ഷ)

ഈ വിസ ഉപയോഗിച്ച് നിങ്ങൾക്ക്:

  • കുടുംബത്തെയോ സുഹൃത്തുക്കളെയോ സന്ദർശിക്കാം.
  • വ്യാപാരം അല്ലെങ്കിൽ വൈദ്യചികിത്സ ഒഴികെയുള്ള ഏതെങ്കിലും ആവശ്യങ്ങൾക്കായി, ടൂറിസ്റ്റായോ, ഒരു യാത്രയ്‌ക്കായോ ഇവിടെ വരാം.

ഈ വിസയിൽ നിങ്ങൾക്ക് 3 മാസം വരെ പഠിക്കാനോ പരിശീലനം നേടാനോ കഴിയും. ഓസ്‌ട്രേലിയയിലേക്കുള്ള നിങ്ങളുടെ വരവിന്‍റെ പ്രധാന ഉദ്ദേശം  പഠനമാണെങ്കിൽ, വിദ്യാർത്ഥി വിസ (സ്റ്റുഡന്റ്റ് വിസ) ആവും കൂടുതൽ ഉചിതം.

ഇത് ഉപയോഗിച്ച് ജോലി ചെയ്യാന്‍ കഴിയില്ല.

കപ്പല്‍യാത്ര (ക്രൂയിസ്)

ഒരു കപ്പല്‍യാത്രയ്ക്കിടെയാണ് നിങ്ങള്‍ ഓസ്‌ട്രേലിയയിൽ പ്രവേശിക്കുന്നതെങ്കിലും നിങ്ങൾക്ക് വിസ ആവശ്യമാണ്.

നിങ്ങളുടെ ക്രൂയിസ് ഒരു റൗണ്ട് ട്രിപ്പ് ക്രൂയിസാണെങ്കിൽ, നിങ്ങൾ ക്രൂയിസിൽ ചെലവഴിക്കുന്ന സമയവും ഓസ്‌ട്രേലിയയിൽ ചെലവഴിച്ച സമയമായി കണക്കാക്കുന്നു. അതായത്, നിങ്ങൾ ഓസ്‌ട്രേലിയ വിട്ടുപോയതായി ഡിപ്പാര്‍ട്ട്മെന്‍റ്  പരിഗണിക്കുന്നില്ല. ഒരു റൗണ്ട് ട്രിപ്പ് ക്രൂയിസ് നിങ്ങളുടെ വിസയിലുള്ള താമസ കാലയളവ് പുനഃക്രമീകരിക്കുന്നില്ല.

നിങ്ങളുടെ ക്രൂയിസ് ഒരു റൗണ്ട് ട്രിപ്പ് ക്രൂയിസായി ഡിപ്പാര്‍ട്ട്മെന്‍റ്  കരുതുന്നുണ്ടോയെന്ന് നിങ്ങളുടെ ക്രൂയിസ് ഓപ്പറേറ്ററോടോ ട്രാവൽ ഏജന്‍റിനോടോ ചോദിക്കുക.

എത്ര നാള്‍ താമസിക്കാം

ഇതൊരു താൽക്കാലിക വിസയാണ്.

വിസ ഗ്രാന്‍റ് ലെറ്ററിൽ വ്യക്തമാക്കിയിട്ടുള്ള കാലയളവിലോ തീയതികളിലോ ​​നിങ്ങൾക്ക് താമസിക്കാം. വ്യക്തി അടിസ്ഥാനത്തിൽ നിങ്ങളുടെ വിസയുടെ ദൈർഘ്യം ഡിപ്പാര്‍ട്ട്മെന്‍റ്  നിർണ്ണയിക്കുന്നു. നിങ്ങളുടെ താമസത്തിന്‍റെ കാലയളവ് നിർണ്ണയിക്കുമ്പോൾ ഡിപ്പാര്‍ട്ട്മെന്‍റ് പരിഗണിക്കാനിടയുള്ള കാര്യങ്ങള്‍ ഇവയൊക്കെയാണ്:

• നിങ്ങൾ എത്ര നാള്‍ താമസിക്കണം

• എന്തുകൊണ്ടാണ് നിങ്ങൾ ഓസ്‌ട്രേലിയയിൽ താമസിക്കാൻ ആഗ്രഹിക്കുന്നത്

നിങ്ങൾ ആഗ്രഹിക്കുന്ന അത്ര കാലം താമസിക്കാനുള്ള അനുമതി നിങ്ങൾക്ക് ലഭിച്ചെന്നു വരില്ല.

ഒന്നോ അതിലധികമോ പ്രവേശനം  ഈ വിസയില്‍ അനുവദിക്കാൻ‌ ഡിപ്പാര്‍ട്ട്മെന്‍റിന് കഴിയും. ഒന്നിലധികം പ്രവേശനാനുമതിയുള്ള ഒരു വിസ ഡിപ്പാർട്ട്‌മെന്‍റ് നിങ്ങൾക്ക് അനുവദിക്കുകയാണെങ്കിൽ, അതിന് സാധുതയുള്ള സമയത്ത് ഈ വിസ ഉപയോഗിച്ച് ഓസ്ട്രേലിയയില്‍ നിന്ന് പുറത്തുപോയി വീണ്ടും തിരിച്ചു വരാവുന്നതാണ്. സാധാരണയായി ഡിപ്പാർട്ട്‌മെന്‍റ്  3 മാസം താമസിക്കാന്‍  അനുവദിക്കുമെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ 12 മാസം വരെ താമസം അനുവദിച്ചേക്കാം.

18 മാസത്തെ കാലയളവിൽ, ഒരിക്കലും 12 മാസത്തിൽ കൂടുതൽ നിങ്ങൾ ഓസ്‌ട്രേലിയയിൽ തുടരരുത് എന്നത് ഈ വിസയിലെ ഒരു വ്യവസ്ഥയാണ്. നിങ്ങൾ നിലവിൽ ഒരു സന്ദർശക വിസയോ, വർക്കിംഗ് ഹോളിഡേ വിസയോ, വർക്ക് ആന്‍ഡ്‌ ഹോളിഡേ വിസയോ അല്ലെങ്കിൽ ബ്രിഡ്ജിംഗ് വിസയോ കൈവശം വച്ചിട്ടുണ്ടെങ്കിൽ, ഈ വിസ അനുവദിക്കുന്നതോടെ തുടർച്ചയായി 12 മാസത്തിൽ കൂടുതൽ നിങ്ങൾ ഓസ്‌ട്രേലിയയിൽ തുടരുമെന്നാണ് അർത്ഥമാക്കുന്നത്. അങ്ങനെ വരുകയാണെങ്കില്‍ അസാധാരണമായ സാഹചര്യങ്ങളുണ്ടെന്ന് നിങ്ങൾ കാണിക്കേണ്ടതുണ്ട് .

ഓസ്‌ട്രേലിയൻ പൗരന്മാരുടെ അല്ലെങ്കിൽ സ്ഥിര താമസക്കാരുടെ മാതാപിതാക്കൾ

നിങ്ങൾ ഒരു ഓസ്‌ട്രേലിയൻ പൗരന്‍റെയോ സ്ഥിര താമസക്കാരന്‍റെയോ രക്ഷകർത്താവ്/രണ്ടാനമ്മ/രണ്ടാനച്ഛന്‍ ഇവയിലേതെങ്കിലും ആവുകയും, നിങ്ങൾ എല്ലാ വിസ മാനദണ്ഡങ്ങളും പാലിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, 12 മാസത്തിൽ കൂടുതൽ വിസ അനുവദിക്കുന്നത് ഡിപ്പാർട്ട്‌മെന്‍റ് പരിഗണിച്ചേക്കാം.

താഴെപ്പറയുന്ന കാലം വരെ നീണ്ടുനിന്നേക്കാവുന്ന വിസയ്ക്ക് ഡിപ്പാർട്ട്‌മെന്‍റ് അനുമതി നൽകിയേക്കാം:

  • 18 മാസം – നിങ്ങൾ മുമ്പ് ഓസ്‌ട്രേലിയയിലേക്ക് വന്നിട്ടുമില്ല, കൂടാതെ:
  • രക്ഷാകർതൃ വിസയ്ക്കായി അപേക്ഷിച്ചിട്ടില്ല.
  • രക്ഷാകർതൃ (മൈഗ്രന്റ്/കുടിയേറ്റ) വിസയ്ക്ക് (സബ്ക്ലാസ് 103) അപേക്ഷിച്ചെങ്കിലും ഇതുവരെ ക്യൂവിലായിട്ടില്ല.
  • 3 വർഷം – നിങ്ങൾ ഓസ്‌ട്രേലിയക്ക് പുറത്തുമാണ്, മുമ്പ് ഒരു ഓസ്‌ട്രേലിയൻ വിസ കൈവശം വയ്ക്കുകയും ചെയ്തിട്ടുണ്ട്, ഇപ്പോള്‍ വിസ വ്യവസ്ഥകൾ പാലിക്കുകയും ചെയ്തിട്ടുണ്ട്, കൂടാതെ:
  • രക്ഷാകർതൃ വിസയ്ക്കായി അപേക്ഷിച്ചിട്ടില്ല.
  • രക്ഷാകർതൃ (മൈഗ്രന്റ്) വിസയ്ക്കായി (സബ്ക്ലാസ് 103) അപേക്ഷിച്ചെങ്കിലും ഇതുവരെ ക്യൂവിലായിട്ടില്ല.
  • 5 വർഷം – നിങ്ങൾ ഓസ്‌ട്രേലിയക്ക് പുറത്തുമാണ്, കൂടാതെ രക്ഷാകർതൃ (മൈഗ്രന്‍റ്) വിസ (സബ്ക്ലാസ് 103) ക്യൂവിലുമാണെങ്കിൽ.

ഓരോ കേസും അനുസരിച്ച് ഈ അപേക്ഷകൾ ഡിപ്പാർട്ട്‌മെന്‍റ് പരിഗണിക്കുന്നതാണ്.

12 മാസത്തിൽ കൂടുതൽ സാധുതയുള്ള ഒരു വിസയാണ് നിങ്ങൾക്ക് ഡിപ്പാർട്ട്‌മെന്‍റ് അനുവദിക്കുന്നതെങ്കിൽ, ആ വിസക്ക് സാധുതയുള്ള കാലത്തോളം നിങ്ങൾക്ക് ഒന്നിലധികം തവണ ഓസ്‌ട്രേലിയയിൽ നിന്ന് പുറത്തുപോയി തിരിച്ചു പ്രവേശിക്കാനാകും.

നിങ്ങൾക്ക് 18 മാസമോ, 3 വർഷമോ അല്ലെങ്കിൽ 5 വർഷമോ സാധുതയുള്ള ഒരു വിസയാണ് അനുവദിച്ചിട്ടുള്ളതെങ്കിൽ, ആ വിസയ്ക്ക് ഈ അധിക നിബന്ധനകൾ ഉണ്ടായിരിക്കാം:

  • നിങ്ങൾക്ക് 18 മാസത്തിന്‍റെ വിസയാണെങ്കില്‍, 12 മാസത്തിൽ കൂടുതൽ ഓസ്‌ട്രേലിയയിൽ തുടരാനാവില്ല.
  • നിങ്ങൾ ഓസ്‌ട്രേലിയയിലായിരിക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസിനായി മതിയായ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണം.
  • പരിരക്ഷണ വിസ/പ്രോട്ടെക്ക്ട്ടീവ് വിസ ഒഴികെ നിങ്ങൾക്ക് ഓസ്‌ട്രേലിയയ്ക്കുള്ളിൽ മറ്റൊരു വിസയ്ക്കും അപേക്ഷിക്കാൻ സാധിക്കില്ല.

കാലയളവ്‌ വര്‍ദ്ധിപ്പിക്കാന്‍

ഈ വിസ നീട്ടിക്കൊണ്ട് കൂടുതൽ കാലം ഓസ്‌ട്രേലിയയിൽ നിങ്ങൾക്ക് തുടരാനാവില്ല. അതിനായി നിങ്ങൾ മറ്റൊരു വിസയ്ക്ക് അപേക്ഷിക്കണം.

കണ്ടീഷൻ 8503 പോലുള്ള, കൂടുതൽ കാലത്തെ താമസം തടയുന്ന ഒരു നിബന്ധന വിസയിൽ ഇല്ലെങ്കിൽ നിങ്ങൾക്ക് ഒരു പുതിയ വിസയ്ക്ക് അപേക്ഷിക്കാം. കൂടുതൽ താമസിക്കാനനുവദിക്കാത്ത ഈ വ്യവസ്ഥ, പ്രത്യേക സാഹചര്യങ്ങളിൽ ഒഴിവാക്കി തരുവാന്‍ നിങ്ങൾക്ക് അഭ്യർത്ഥിക്കാം.

നിങ്ങളുടെ 18 മാസ കാലയളവിന്‍റെ വിസയില്‍, 12 മാസത്തിൽ കൂടുതൽ താമസിക്കരുതെന്ന 8558 എന്ന വ്യവസ്ഥയുണ്ടെങ്കില്‍ അത് നിങ്ങൾ ലംഘിക്കരുത്.

കുടുംബത്തിനെ ഉൾപ്പെടുത്തല്‍

നിങ്ങളുടെ അപേക്ഷയിൽ കുടുംബാംഗങ്ങളെ ഉൾപ്പെടുത്താൻ കഴിയില്ല. നിങ്ങളുടെ പാസ്‌പോർട്ടിൽ ലിസ്റ്റുചെയ്തവരുൾപ്പെടെ നിങ്ങളുടെ കുടുംബത്തിലെ ഓരോ അംഗത്തിനും പ്രത്യേക അപേക്ഷ നൽകണം.

ചെലവ്

ഓരോ അപേക്ഷകനും 145 ഓസ്ട്രലിയന്‍ ഡോളറിൽ നിന്നു തുടങ്ങുന്ന വിസ നിരക്ക്.

ആരോഗ്യ പരിശോധനകൾ, പോലീസ് സർട്ടിഫിക്കറ്റുകൾ, ബയോമെട്രിക്സ് തുടങ്ങിയ മറ്റ് ചിലവുകളും നിങ്ങള്‍ നൽകേണ്ടിവരും. എസ്റ്റിമേറ്റർ മറ്റ് ചെലവുകൾ കണക്കിലെടുക്കുന്നില്ല.

താഴെപ്പറയുന്ന ഏതെങ്കിലും രാജ്യത്തിന്‍റെ പാസ്‌പോർട്ടാണ് നിങ്ങളുടെ കൈവശമുള്ളതെങ്കിൽ, നിങ്ങൾക്ക് വിസ അപേക്ഷ ഫാസ്റ്റ്ട്രാക്കുചെയ്യാൻ (കൂടുതല്‍ വേഗത്തില്‍ പരിഗണിക്കാന്‍) ഡിപ്പാർട്ട്‌മെന്‍റിനോട് അഭ്യർത്ഥിക്കാൻ കഴിഞ്ഞേക്കും:

  • പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന (ഹോങ്കോങ്ങോ മക്കാവോ ആവാന്‍ പാടില്ല)
  • ഇന്ത്യ
  • യുണൈറ്റഡ് അറബ് എമിറേറ്റ്സ്

നിങ്ങളുടെ അപേക്ഷ ഫാസ്റ്റ്ട്രാക്കുചെയ്യുന്നതിന് വിസ അപേക്ഷാ ചാർജിന് പുറമേ 1,000 ഓസ്ട്രലിയന്‍ ഡോളറുകൂടി ചിലവാകും.

എവിടെ നിന്ന് അപേക്ഷിക്കാം

നിങ്ങൾ അപേക്ഷിക്കുമ്പോഴും, ഡിപ്പാർട്ട്‌മെന്‍റ്  അപേക്ഷയില്‍ ഒരു  തീരുമാനമെടുക്കുമ്പോഴും നിങ്ങൾ ഓസ്‌ട്രേലിയക്ക് പുറത്തായിരിക്കണം.

പ്രക്രിയ സമയം

ഡിപ്പാർട്ട്‌മെന്‍റ് പരിഗണിക്കുന്ന സമയം:

  • 75% അപേക്ഷകളും 5 മാസത്തിനുള്ളിൽ
  • 90% അപേക്ഷകളും 6 മാസത്തിനുള്ളിൽ

താഴെപ്പറയുന്നവ ബാധകമാണെങ്കില്‍ നിങ്ങളുടെ അപേക്ഷയില്‍  കൂടുതൽ സമയമെടുക്കും:

  • നിങ്ങൾ അപേക്ഷ ശരിയായി പൂരിപ്പിക്കുന്നില്ല.
  • ഡിപ്പാർട്ട്‌മെന്‍റിന് ആവശ്യമായ എല്ലാ രേഖകളും നിങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല അല്ലെങ്കിൽ നിങ്ങളിൽ നിന്ന് ഡിപ്പാർട്ട്‌മെന്‍റിന് കൂടുതൽ വിവരങ്ങൾ ആവശ്യമാണ്.
  • നിങ്ങളുടെ വിവരങ്ങൾ സ്ഥിരീകരിക്കുന്നതിന് ഞങ്ങൾക്ക് കൂടുതല്‍ സമയമെടുക്കും.

ബാധ്യതകൾ

നിങ്ങൾ എല്ലാ വിസ വ്യവസ്ഥകളും ഓസ്‌ട്രേലിയൻ നിയമങ്ങളും പാലിക്കണം.

ആരോഗ്യ ഇൻഷുറൻസ്

ഓസ്‌ട്രേലിയയിൽ നിങ്ങൾക്ക് ആവശ്യമായേക്കാവുന്ന അപ്രതീക്ഷിത വൈദ്യചികിത്സയ്ക്കായി ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ ഡിപ്പാർട്ട്‌മെന്‍റ് ശുപാർശ ചെയ്യുന്നു. നിങ്ങൾ ഓസ്ട്രേലിയയിൽ ആയിരിക്കുമ്പോൾ നിങ്ങളുടെ എല്ലാ ആരോഗ്യ പരിരക്ഷാ ചെലവുകൾക്കും നിങ്ങളുടെ വ്യക്തിപരമായ ബാധ്യതയാണുള്ളത്. നിങ്ങളുടെ സാമ്പത്തിക ബാധ്യത പരിമിതപ്പെടുത്താൻ ഇൻഷുറൻസിന് കഴിയും.

യാത്ര

ഒന്നിലധികം തവണ പ്രവേശനത്തിനുള്ള അനുമതി നല്‍കുന്ന ഒരു വിസയാണ് ഡിപ്പാർട്ട്‌മെന്‍റ് നിങ്ങൾക്ക് അനുവദിച്ചിട്ടുള്ളതെങ്കിൽ, നിങ്ങൾക്ക് ഓസ്‌ട്രേലിയക്ക് പുറത്ത് യാത്ര ചെയ്യാനും നിങ്ങളുടെ വിസ ഗ്രാന്‍റ് ലെറ്ററിൽ ഡിപ്പാർട്ട്‌മെന്‍റ് വ്യക്തമാക്കിയതിന് അനുസൃതമായി മടങ്ങാനും കഴിയും.

ഒറ്റ തവണ മാത്രമുള്ള പ്രവേശനമാണ് നിങ്ങളുടെ വിസ അനുവദിക്കുന്നതെങ്കില്‍ നിങ്ങൾ ഓസ്‌ട്രേലിയ വിട്ടുപോയാല്‍ ഈ വിസയിൽ വീണ്ടും തിരിച്ചു പ്രവേശിക്കാൻ കഴിയില്ല. തിരികെ വരാൻ നിങ്ങൾ മറ്റൊരു വിസയ്ക്ക് അപേക്ഷിക്കണം.

വിസ ലേബൽ

ഡിപ്പാർട്ട്‌മെന്‍റ് നിങ്ങളുടെ വിസ പാസ്‌പോർട്ടുമായി ഡിജിറ്റലായി ബന്ധിപ്പിക്കും. നിങ്ങളുടെ പാസ്‌പോർട്ടിൽ ഒരു ലേബൽ ചേര്‍ക്കില്ല.

യോഗ്യത

ഡിപ്പാർട്ട്‌മെന്‍റ് നിശ്ചയിച്ചിട്ടുള്ള ആരോഗ്യപരമായ നിബന്ധനകൾ നിറവേറ്റുക.

ഡിപ്പാർട്ട്‌മെന്‍റ് നിശ്ചയിച്ചിട്ടുള്ള സ്വഭാവസവിശേഷത നിബന്ധനകൾ നിറവേറ്റുക .

ആവശ്യത്തിനുള്ള പണം കരുതുക

നിങ്ങൾ ഓസ്‌ട്രേലിയയിലായിരിക്കുമ്പോൾ സ്വന്തം ചെലവിന് ആവശ്യമായ പണം നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം, അല്ലെങ്കിൽ അത് ഉപയോഗിക്കാനുള്ള വഴിയുണ്ടായിരിക്കണം.

ഒരു നല്ല സന്ദർശകനാകുക

നിങ്ങൾ ചെയ്യേണ്ടത്:

  • ഓസ്‌ട്രേലിയയിൽ താൽക്കാലികമായി മാത്രം താമസിക്കുക.
  • വിസ അനുവദിക്കുന്ന കാര്യങ്ങൾ മാത്രം ചെയ്യുക.

ഒരു കുട്ടിയുടെ താൽപ്പര്യങ്ങൾ

18 വയസ്സിന് താഴെയുള്ള ഒരു അപേക്ഷകന്‍റെ താൽ‌പ്പര്യങ്ങള്‍ക്ക് ഇത് ഉചിതമല്ലായെന്നുണ്ടെങ്കില്‍, ഞങ്ങൾ‌ ഈ വിസ അനുവദിച്ചുവെന്ന് വരില്ല.